
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായി എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർഥികളിൽ 62 ശതമാനത്തിലധികം പേർ ഇതിനകം അപേക്ഷ സമർപ്പിച്ചതായി ഹയർ സെക്കൻഡറി വകുപ്പ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കുപ്രകാരം 2,69,148 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 2,54,111 അപേക്ഷകളും എസ്.എസ്.എൽ.സി പാസായ വിദ്യാർഥികളുടേതാണ്.
ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ 4,10,456 വിദ്യാർഥികളാണ് വിജയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച അപേക്ഷാ സമർപ്പണം ജൂൺ 3 വരെ തുടരും. സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെ അപേക്ഷാ നടപടികൾ പുരോഗമിക്കുന്നതിനാലാണ് ആദ്യ രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ പ്രതികരണം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
സി.ബി.എസ്.ഇ. സിലബസിൽ നിന്ന് 10,837 അപേക്ഷകളും ഐ.സി.എസ്.ഇ.യിൽ നിന്ന് 1,156 അപേക്ഷകളും ലഭിച്ചു. കൂടാതെ മുൻവർഷങ്ങളിൽ യോഗ്യത നേടിയവരും മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർഥികളും ഉൾപ്പെടെ 3,044 പേരും അപേക്ഷ സമർപ്പിച്ചു.










